Welcome to Koodai Thazhath Veedu :::Upcoming News : Theyyam thira 2012 January 28, 29 (1187 Makaram 14, 15) Saturday and Sunday. :::: Last Update 26-05-2012 ::::
Now we are launching our new website
8| | |www.koodalithazhathveedu.blogspot.com| | |3

Koodali Thazhath Veedu

Thursday, February 10, 2011

കതിവനൂര്‍ വീരന്‍ - പുരാവൃത്തം

ശ്രദ്ധേയമായ പുരാവൃത്തമുള്ള ഒരു തെയ്യമാണ്‌ കതിവനൂര്‍ വീരന്‍. വീര പരാക്രമിയായ മന്ദപ്പന്റെ അത്യന്തം സാഹസപൂര്‍ണ്ണവും, ദുരന്തപര്യവസായിയുമായ ജീവിത കഥയാണ്‌ കതിവനൂര്‍ വീരന്റേത്‌. കതിവനൂര്‍ വീരന്‍ കതുവനൂര്‍ വീരന്‍, കതിനൂര്‍ വീരന്‍ എന്നീ പേരുകളിലും ഈ തെയ്യം അറിയപ്പെടുന്നു.


തളിപ്പറമ്പിനടുത്തുള്ള മാങ്ങാട്ട്‌ ദേശത്ത്‌ (ഇപ്പോള്‍ കണ്ണൂര്‍ സര്‍വ്വകലാശാലയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന സ്ഥലം) പ്രശസ്തമായ ഒരു തീയ്യ കുടുംബത്തില്‍ കുമരച്ചന്റെയും, ചക്കിയുടെയും മകനായി മന്ദപ്പന്‍ ജനിച്ചു. അക്ഷര വിദ്യയും ആയുധ വിദ്യയും യഥാകാലം അഭ്യസിച്ച അവന്‍ "ഒറ്റയും, കുറിയും" എന്ന വിനോദം പ്രായമേറെ ആയിട്ടും ഉപേക്ഷിക്കാന്‍ തയ്യാറായില്ല. ചങ്ങാതിമാരൊത്ത്‌ കളിച്ചു നടക്കുകയല്ലാതെ യതൊരു വിധത്തിലുള്ള ജോലിയും അവന്‍ ചെയ്യാറില്ലായിരുന്നു. വിശക്കുമ്പോള്‍ ഭക്ഷണം കഴിക്കാന്‍ മാത്രം വരാറുള്ള മകന്റെ സ്വഭാവത്തില്‍ പിതാവ്‌ ദുഖിതനായിരുന്നു. ഒരു ദിവസം പണി ചെയ്യണമെന്ന പിതാവിന്റെ ഉപദേശമനുസരിക്കാതെ കളിക്കാന്‍ പോയതിനാല്‍ മേലില്‍ മന്ദപ്പന്‌ ചോറു നല്‍കരുതെന്ന് അമ്മയെ വിലക്കി. കളി കഴിഞ്ഞ്‌ ഉച്ചക്കു വീട്ടിലെത്തി ഭക്ഷണത്തിന്‌ ചെന്നിരുന്നപ്പോഴാണ്‌ പിതാവ്‌ ഭക്ഷണം വിലക്കിയ വിവരം മന്ദപ്പന്‍ അറിഞ്ഞത്‌. മകന്റെ വാക്കുകേട്ട്‌ മനസ്സലിഞ്ഞ അമ്മ ചോറുവിളമ്പിയെങ്കിലും, കുമരച്ചന്‍ അതു കണ്ടു പിടിച്ചു. രോഷകുലനായ പിതാവ്‌ മന്ദപ്പന്റെ കളി ആയുധമായ വില്ലെടുത്ത്‌ ചവിട്ടിപ്പൊളിച്ചു ചാടി (എറിഞ്ഞു) കളഞ്ഞു. ആയുധം നശിപ്പിച്ചത്‌ മന്ദപ്പന്‌ സഹിക്കാനായില്ല. ഇനി ആ വീട്ടില്‍ ഇരിക്കില്ലെന്ന് പ്രതിജ്ഞയെടുത്ത്‌ വീടു വിട്ടിറങ്ങിയ മന്ദപ്പന്‍ കൂട്ടുകാരുടെ കൂടെ കുടകു മലയില്‍ കച്ചവടത്തിനു പോകുവാന്‍ തീരുമാനിച്ചു.

മാതാപിതാക്കളോട്‌ പിണങ്ങി വന്ന മന്ദപ്പനെ കൂട്ടുവാന്‍ കൂട്ടുകാര്‍ക്കു താല്‍പ്പര്യമില്ലാത്തതിനാല്‍, യാത്ര പുറപ്പെടുന്നതിനു മുമ്പ്‌ ഉല്ലസിക്കുവാനെന്ന മട്ടില്‍ മദ്യം കുടിപ്പിച്ച്‌ ഉറക്കിക്കിടത്തി. മത്ത്‌ വിട്ടുണര്‍ന്നപ്പോള്‍ ചങ്ങാതിമാര്‍ ചതിച്ചെന്നു മനസ്സിലാക്കിയ മന്ദപ്പന്‍ രണ്ടും കല്‍പ്പിച്ച്‌ പരദേവതകളെ മനസ്സില്‍ ധ്യാനിച്ച്‌ മാറപ്പെടുത്ത്‌ ഏഴിനും മീത്തലേക്ക്‌ (കുടകുമല) യാത്ര തിരിച്ച്‌ കതിവനൂരിലുള്ള അമ്മാവന്റെ വീട്ടിലെത്തിച്ചേരുകയും അമ്മാവനും അമ്മായിയും അവനെ സ്വീകരിക്കുകയും ചെയ്തു. അമ്മവന്‍ സ്വന്തം സ്ഥലത്തിന്റെ പകുതി മന്ദപ്പനു നല്‍കുകയും അവന്‍ ആ സ്ഥലത്ത്‌ അസൂയവഹമായ രീതിയില്‍ വിളവെടുക്കുകയും ചെയ്തു. കൂടുതല്‍ ധനം സമ്പാദിക്കണമെന്ന അമ്മായിയുടെ നിര്‍ദ്ദേശപ്രകാരം എള്ള്‌ വാങ്ങി ആട്ടി എണ്ണയെടുത്ത്‌ കുടകുമലകളിലെല്ലാം വിറ്റ്‌ ധാരളം പണവും സമ്പാദിച്ചു. മന്ദപ്പന്റെ ഉയര്‍ച്ചയില്‍ അസൂയാലുക്കളായ മുത്താര്‍മുടി കുടകര്‍ പടയൊരുക്കം നടത്തുന്നതിനാല്‍ സുഹൃത്തിക്കളുടെ ഉപദേശപ്രകാരം മന്ദപ്പന്‍ ആയുധങ്ങള്‍ ശേഖരിച്ചു വച്ചു.
                                     
ഒരു ദിവസം വേളങ്കോട്ട്‌ പുഴയരികിലൂടെ യാത്ര ചെയ്യുമ്പോള്‍ നീരാടുന്ന സുന്ദരിയായ ചെമ്മരത്തിയെ കാണുകയും ഇഷ്ടപ്പെടുകയും ചെയ്തു. അമ്മാവന്‍ എതിര്‍ത്തെങ്കിലും മന്ദപ്പന്‍ ചെമ്മരത്തിയെ വിവാഹം ചെയ്തു. തുടര്‍ന്നു ഭാര്യാഗൃഹത്തില്‍ താമസമാക്കിയ മന്ദപ്പന്‍ എണ്ണ വില്‍പ്പന തുടര്‍ന്നു. ഒരു ദിവസം എണ്ണ വിറ്റ പണവും കൊണ്ട്‌ ഇരുട്ടുന്നതിനു മുമ്പെ വീട്ടിലെത്താന്‍ സാധിക്കാത്തതിനാല്‍ മന്ദപ്പന്‌ കുടകരുടെ വഴിയമ്പലത്തില്‍ തങ്ങേണ്ടി വന്നു. പിറ്റേന്ന് വീട്ടിലെത്തിയ മന്ദപ്പനെ ചെമ്മരത്തി ബഹുമാനിച്ചില്ലെന്നു മാത്രമല്ല നല്‍കിയ ചോറില്‍ കല്ലും, തലനാരും (മുടി) കാണുകയും ചെയ്തു. ഊണ് കഴിക്കുന്നതിനിടെ കുടകരുടെ പടവിളി കേട്ടതിനാല്‍ ഊണുകഴിക്കാതെ പടയ്ക്കായി പുറപ്പെട്ടപ്പോള്‍ ദുശ്ശകുനങ്ങള്‍ കാണുകയും ചെയ്തു. പടയ്ക്കു പുറപ്പെട്ട മന്ദപ്പനെ തുണ്ടം തുണ്ടമായി പോകട്ടെയെന്നു ശപിച്ചുകൊണ്ടാണ്‌ ചെമ്മരത്തി യാത്രയാക്കിയത്‌.


തന്റെ ഭാര്യ സ്വബോധത്തോടെയല്ല അപ്രകാരം പറഞ്ഞതെന്നും, ഇതെല്ലാം ദൈവത്തിന്റെ കളിയാണെന്നും വിശ്വസിച്ച്‌ മന്ദപ്പന്‍ കച്ചകെട്ടി ആയുധവുമായി പടക്കളത്തിലേക്ക്‌ കുതിച്ചു.

ആയുധവുമായി പടക്കളത്തിലേക്ക്‌ വന്ന മന്ദപ്പനെകണ്ട്‌ കുടകര്‍ ഭയക്കുകയും അങ്കത്തില്‍ കുടകരുടെ പട പരാജയപ്പെടുകയും ചെയ്തു. പട തീര്‍ന്ന് പടക്കളത്തില്‍ നില്‍ക്കുമ്പോഴാണ്‌ തന്റെ പീഠമോതിരവും ചെറുവിരലും നഷ്ടപ്പെട്ടുവെന്നത്‌ മന്ദപ്പന്‌ മനസ്സിലായത്‌. ഇങ്ങനെ അംഗഭംഗം വന്ന് നിലയില്‍ വീട്ടിലെത്തിയാല്‍ ചെമ്മരത്തിയുടെ നിന്ദക്കു പാത്രീഭവിക്കുമെന്നതിനാല്‍ മരിക്കുന്നതാണിനി നല്ലതെന്ന് അവന്‍ കരുതി. പരജയപ്പെട്ട കുടകരുടെ പട കാട്ടില്‍ ഒളിച്ചിരിപ്പുണ്ടെന്നും, ആ കള്ളപ്പടയുടെ മുന്നില്‍ ചെന്ന് പെടനാണ്‌ ഉദ്ദേശിക്കുന്നതെന്നും ചങ്ങാതിമാരെ അറിയിച്ചു. മനപ്പൂര്‍വ്വം ആയുധമെടുക്കതെ ചങ്ങാതിമാരുടെ തടസ്സവാദങ്ങള്‍ മാനിക്കതെ മന്ദപ്പന്‍ യാത്രയായി.
പ്രതീക്ഷിച്ചതുപോലെ കുടകരുടെ കള്ളപ്പട മാരിപോലെ അമ്പെയ്ത്‌ മന്ദപ്പനെ തുണ്ടം തുണ്ടമാക്കി.മന്ദപ്പന്റെ അന്ത്യത്തെക്കുറിച്ചറിഞ്ഞ അമ്മാവനും ചെമ്മരത്തിയും പടക്കളത്തിലെത്തി തുണ്ടം തുണ്ടമായ ശരീര ഭാഗങ്ങള്‍ ചേര്‍ത്തു വച്ചു ചിതയൊരുക്കി.

മന്ദപ്പനെ ദഹിപ്പിച്ചുകൊണ്ടിരിക്കെ "ഉച്ചിയെലെന്തൊരു വെള്ളിനക്ഷത്രം കാണുന്നു"വെന്ന് ചെമ്മരത്തി ചോദിക്കുകയും, എല്ലാവരും ആകാശത്ത്‌ നോക്കുന്നനേരത്ത്‌ ആ പതിവ്രതാരത്നം ചിതയില്‍ച്ചാടി (ഉടന്തടി) മരിക്കുകയും ചെയ്തു. എല്ലാം കഴിഞ്ഞ്‌ തിരിച്ചു വന്താര്‍മുടിപ്പുഴയില്‍ കുളിക്കുമ്പോള്‍ മന്ദപ്പനും ചെമ്മരത്തിയും മേലെക്കടവില്‍ നിന്ന് കുളിക്കുന്നതായി അമ്മാവന്റെ മകന്‍ അണ്ണൂക്കന്‍ കണ്ട്‌ ഓടിച്ചെന്നു നോക്കിയപ്പോള്‍ കല്ലും പുല്ലും ഭൂമിയും നനഞ്ഞതായി കണ്ടതല്ലാതെ അവരെ കാണന്‍ കഴിഞ്ഞില്ല.തിരിച്ചു വീട്ടിലെത്തിയപ്പോള്‍ തേന്‍ കദളിവാഴ വിറക്കുന്നു. അതിന്മേലായിരുന്നു പീഠമോതിരമണിഞ്ഞ ചെറുവിരല്‍ ചെന്നു വീണിരുന്നത്‌. അണ്ണൂക്കന്‍ അതില്‍ തൊട്ടപ്പോള്‍ അവന്റെമേല്‍ മന്ദപ്പന്റെ ചൈതന്യം ആവേശിച്ച്‌ വെളിപ്പെട്ടു.

"മരിച്ചിനെന്നു ഭാവിക്കേണ്ട നിങ്ങളെന്റെ നേരമ്മോമ
മരിച്ചിനെന്നിട്ട്‌ ഏഴും പതിമൂന്നും വേണ്ടെനിക്ക്‌
അകത്തൊരു അകപൂജ പുറത്തൊരു പെരുങ്കളിയാട്ടം
പാര്‍കോഴി മധുകലശം കട്ടിയപ്പം കരിങ്കലശം
പൊറത്ത്‌ ചങ്ങാതികള്‍ക്കും കൊടുത്താല്‍ മതി..."

എന്ന അരുളപ്പാടുണ്ടാകുകയും, തെയ്യം കെട്ടേണ്ട ആളിനെ നിശ്ചയിക്കുകയും, അണ്ണൂക്കന്‍ തന്നെ കോമരത്തിന്റെ സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു. തെയ്യം കെട്ടി പുറപ്പെട്ടപ്പോള്‍ അമ്മാവന്‍ അരിയെറിഞ്ഞ്‌ കതിവനൂര്‍ വീരാ എന്നു വിളിച്ചു. അങ്ങിനെയാണ്‌ മന്ദപ്പന്‍ കതിവനൂര്‍ വീരനായത്‌.


മണിക്കൂറുകളോളം നീണ്ടു നില്‍ക്കുന്ന കതിവനൂര്‍ വീരന്റെ തോറ്റം കരളലിയിക്കുന്ന ഗാനധാരയാണ്‌. വാഴപ്പോളകൊണ്ട്‌ തയ്യാറാക്കിയ തറയ്ക്കു ചുറ്റുമാണ്‌ കതിവനൂര്‍ വീരന്‍ തെയ്യം തന്റെ അഭ്യാസപ്രകടനങ്ങള്‍ കാഴ്ചവെക്കുക പതിവ്‌. ഈ തറ ചെമ്മരത്തിയാണെന്നാണ്‌ സങ്കല്‍പ്പം. സാധരണ കെട്ടിയാടിക്കുന്നതിനു പുറമെ നേര്‍ച്ചയായി ഉദ്ദിഷ്ട കാര്യ സിദ്ധിക്കും, ആപത്മോചനത്തിനുമായുള്ള വഴിപാടായും ഈ തെയ്യം കെട്ടിയാടിക്കാറുണ്ട്‌.

0 comments:

Post a Comment

Newer Post
Thanks